Showing posts with label യോഗ. Show all posts
Showing posts with label യോഗ. Show all posts

Friday, December 9, 2011

സൂര്യനമസ്കാരം



എല്ലാ അവയവങ്ങള്‍ക്കും വ്യായാമം നല്‍കുന്ന, വ്യായാമവും ശ്വസനക്രിയയും ഒരുമിച്ചു ചേരുന്ന, പ്രായലിംഗഭേദമന്യെ ആര്‍ക്കും ചെയ്യാവുന്ന ഒരു വ്യായാമപദ്ധതിയാണ്‌ സൂര്യനമസ്കാരം.

സ്ത്രീകള്‍ ആര്‍ത്തവകാലത്തും ഗര്‍ഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ.

തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇതു ചെയ്യാം.

രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ്‌ ഉത്തമം. വൈകുന്നേരവും ചെയ്യാം.

രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത ശേഷം ചെയ്യാം.

12 ചുവടുകൾ (സ്റ്റെപ്‌സ്) ആണ്‌ സൂര്യനമസ്കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ്‌ വിധി.

സാവകാശം ആർക്കും ആ നിലയിലെത്താവുന്നതേ ഉള്ളൂ.





ചെയ്യേണ്ട രീതി (12 ചുവടുകള്‍)

1.നിരപ്പായ പ്രതലത്തില്‍ ഒരു കട്ടിത്തുണിവിരിച്ച് അതില്‍ നിവര്‍ന്നു നില്‍ക്കുക.

2.ശ്വാസം ഉള്ളീലേക്കെടുത്തുകൊണ്ട് കൈകള്‍ രണ്ടും തലയ്ക്കു മുകളിലേക്കുയര്‍ത്തിപ്പിടിക്കുക.

3.ശ്വാസം വിട്ടുകൊണ്ട് താഴേക്കു കുനിഞ്ഞ് കൈപ്പത്തി രണ്ടും നിലത്തു പതിച്ചു വയ്ക്കുക.

4.ശ്വാസം എടുത്തുകൊണ്ട് വലതു കാല്‍ പിന്നോട്ടു വലിക്കുക.

5.ശ്വാസം വിട്ടുകൊണ്ട് ഇടതുകാല്‍ പിന്നോട്ടു വലിക്കുക

6.ശ്വാസമെടുത്തുകൊണ്ട് ശരീരം നീണ്ടു നിവര്‍ന്ന് നിലത്തമര്‍ത്തുക.മെല്ലെ ശ്വാസം വിടുക.

7. ശ്വാസം വലിച്ച് തലയും, അരയ്ക്കു മുകളിലുള്ള ശരീരഭാഗങ്ങളൂം ഉയര്‍ത്തുക.

8.ശ്വാസം വിട്ടുകൊണ്ട് ശരീരം കൈപ്പത്തികളിലും കാല്‍ വിരലുകളിലും നില്‍ക്കുന്നരീതിയില്‍ (in "V" shape) നില്‍ക്കുക.

9.ശ്വാസമെടുത്ത് കൊണ്ട് വലതുകാല്‍ മുന്നോട്ടെടുക്കുക.

10.ശ്വാസം വിട്ടുകൊണ്ട് ഇടതുകാലും വലതുകാലിനൊപ്പം എത്തിക്കുക.(ചുവട് 3 ലേക്കു വരിക)

11. ശ്വാസമെടുത്ത് നടു നിവര്‍ത്തി കൈ മടക്കാതേ ഉയര്‍ത്തി തല്യ്ക്കു മുകളില്‍ പിടിക്കുക. (ചുവട് 2)

12.കൈ മടക്കി നെഞ്ചിനു മുന്നില്‍ പിടിച്ച് നിവര്‍ന്നു നില്‍ക്കുക; ഒപ്പം ശ്വാസം മെല്ലെ വിടുക.










സൂര്യനമസ്കാര ശേഷം ശവാസനം ചെയ്യണം.

ഗുണങ്ങള്‍

എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസ്സിനേയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു.

രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ പേശികളും ശക്തമാകുന്നു; അയവുള്ളവയാകുന്നു.

ശ്വാസകോശങ്ങള്‍ വികസിക്കുന്നു; നെഞ്ചും.

നട്ടെല്ലിന്‌ അയവുണ്ടാക്കുന്നു.

വയര്‍, അരക്കെട്ട്, മറ്റു ഭാഗങ്ങള്‍ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. (ആഹാരനിയന്ത്രണം നിർബന്ധം)

ദഹനക്രിയ മെച്ചപ്പെടുത്തുന്നു; വായുക്ഷോഭം ഇല്ലാതാക്കുന്നു.


സ്ഥിരമായി ചെയ്താൽ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൌകുമാര്യവും നിലനിർത്താൻ ഇതിൽ പരം മറ്റൊരു മാർഗമില്ല.

നിഷ്ഠയോടെയുള്ള സൂര്യനമസ്കാരം ഏകാഗ്രതയും, മനശ്ശാന്തിയും വര്‍ദ്ധിപ്പിക്കും.

Photo courtesy : Google 

Wednesday, November 25, 2009

പ്രാണായാമം





അഷ്ടാംഗങ്ങളില്‍ നാലാമത്തേതാണ് പ്രാണായാമം. (യോഗ സംബന്ധമായി  ഈ ബ്ലോഗിലുള്ള മുന്‍ പോസ്റ്റുകൾ വായിക്കുമല്ലോ.)

ലോകത്ത് ഏറ്റവും കടുപ്പമേറിയ കാര്യം മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. യോഗയില്‍ മനോനിയന്ത്രണത്തിന് അങ്ങെയറ്റത്തെ പ്രാധാന്യമാണുള്ളത്. ആദ്യമേ മനോ നിയന്ത്രാണം ശീലിക്കാനല്ല യോഗ പറയുന്നത്.

ആദ്യം ആസനങ്ങള്‍ ചെയ്ത് ശരീരത്തെ കീഴടക്കാന്‍ പഠിപ്പിക്കുന്നു. തുടര്‍ന്ന് ശ്വ്വസനിയന്ത്രണം പഠിപ്പിക്കുന്നു. അതിലൂടെ മനോ നിയന്ത്രണത്തിലെത്താം. അതാണ് ഈ പരിശീലനത്തിന്റെ കാതല്‍.

നല്ല ഭാരമുള്ള ഒരു വസ്തു വെറുതെയങ്ങ് പൊക്കിയെടുക്കാന്‍ കഴിയാത്തപ്പോള്‍ നമ്മള്‍, ശ്വാസം നന്നായി പിടിച്ചാല്‍ അത് ഉയര്‍ത്താന്‍ കഴിയുന്ന കാര്യം നമുക്കൊക്കെ ബോധ്യമുള്ളതാണ്.

പെട്ടെന്ന് എന്തെങ്കിലും കണ്ടു പേടിച്ചാല്‍ നമ്മുടെ ശ്വാസഗതി വര്‍ദ്ധിക്കുന്നതും ശാന്തമായി കിടക്കുമ്പോള്‍ ശ്വാസഗതി മെല്ലെയാകുന്നതും നമുക്ക് അറിയാ‍വുന്നതാണ്.

ശ്വാസത്തിന് നമ്മുടെ കര്‍മ്മകരണശേഷിയുമായും, മാനസികഭാവങ്ങളുമായും ഉള്ള ബന്ധമാണ് ഇവിടെയൊക്കെ നാം കആണുന്നത്.

മനുഷ്യന്റെ മനസ്സും ശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.



പ്രാണന്റെ ആയാമം ആണ് പ്രാണായാമം. എന്നു വച്ചാല്‍ പ്രാണന്റെ (ശ്വാസത്തിന്റെ) വലിച്ചു നീട്ടല്‍.

വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശ്വസന വ്യായാമമാണ് പ്രാണായാമം..

ശ്വാസത്തെ നിയന്ത്രിച്ച് അതിലൂടെ പ്രാണശക്തിയെ (ജീവോര്‍ജ്ജത്തെ) നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഇതിന് മൂന്നു ഘട്ടങ്ങള്‍ ഉണ്ട്.

പൂരകം, കുംഭകം, രേചകം എന്നിവയാണവ.

പൂരകം - വായു ഉള്ളിലെടുത്ത് ശ്വാസകോശം നിറയ്ക്കുന്ന പ്രക്രിയ.

കുംഭകം - ഉള്ളിലെടുത്ത വായു ശ്വാസകോശത്തിനകത്തു തന്നെ നിര്‍ത്തുന്ന അവസ്ഥ.

രേചകം - ഉള്ളില്‍ നിര്‍ത്തിയ വായു ശ്വാസകോശത്തിനു പുറത്തേക്കു വിടുന്ന പ്രക്രിയ.

ഈ ഘട്ടങ്ങള്‍ ചെയ്യുന്നതിന് ഒരു പ്രത്യേക അനുപാതവും ഉണ്ട്.

പൂരകം : കുംഭകം : രേചകം = 1 : 4 :2 എന്നതാണ് അത്.

അതായത് 1സെക്കന്റ് കൊണ്ട് വായു ഉള്ളിലെടുത്താല്‍ 4 സെക്കന്റ് അത് ഉള്ളില്‍ നിര്‍ത്തുകയും 2 സെക്കന്റു കൊണ്ട് പുറത്തു വിടുകയും വേണം.


സാധാരണക്കാര്‍ക്ക് എളുപ്പം ചെയ്യാവുന്നത് 4 സെക്കന്റു കൊണ്ട് ഉള്ളിലെടുക്കുകയും 16 സെക്കന്റ് ഉള്ളില്‍ നിര്‍ത്തുകയും 8 സെക്കന്റു കൊണ്ട് പുറത്തു വിടുകയുമാണ്.
അപ്പോള്‍ പൂരകം : കുംഭകം : രേചകം = 4 : 16 : 8 എന്നു വരും.
(അനുപാതം 1 : 4 : 2 എന്നത് തന്നെ).

ഇതു ചെയ്യുന്ന രീതി ഇനി പറയുന്നു.

1. സുഖകരമായി ഉറച്ചിരിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു ആസനത്തില്‍ ഇരിക്കുക. (സുഖാസനം, സ്വസ്തികാസനം, പദ്മാസനം, വജ്രാസനം, സിദ്ധാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍)

2. നട്ടെല്ല് നിവര്‍ന്നിരിക്കണം.

3. ശ്വാസകോശത്തിള്ള വായു കഴിയുന്നത്ര പുറത്തേക്ക് ഉച്ഛ്വസിക്കുക.

4. ആദ്യം വലതു തള്ള വിരല്‍ കൊണ്ട് വലതു മൂക്ക് അടച്ച ശേഷം ഇടതു മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)

5. എന്നിട്ട് നടുവിരലും മോതിര വിരലും ചേര്‍ത്ത് ഇടതു മൂക്കും അടയ്ക്കുക. ശ്വാസം ഉള്ളില്‍ തന്നെ നിര്‍ത്തുക.(കുംഭകം)

(തള്ള വിരല്‍ കൊണ്ടുള്ള അതേ സമ്മര്‍ദ്ദം മറുഭാഗത്തും ലഭിക്കാനാണ് രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിക്കുന്നത്. ചിലര്‍ ഈ ആവശ്യത്തിനായി ചെറു വിരലും ചൂണ്ടു വിരലും ആണ് ചേര്‍ത്തു പിടിക്കുന്നത്. മറ്റു ചിലര്‍ ചൂണ്ടു വിരലും നടു വിരലും ഉപയോഗിക്കുന്നു.)

6. ഇനി വലതു മൂക്ക് തുറന്ന് അതിലൂടെ ശ്വാസം പുറത്തേക്കു വിടുക.

7. തുടര്‍ന്ന് വലതു മൂക്കിലൂടെ തന്നെ ശ്വാസം ഉള്ളിലേക്കെടുക്കുക. (പൂരകം)

8. വലതു മൂക്കടയ്ക്കുക. കുംഭകം ചെയ്യുക.

9. ഇടതു മൂക്ക് തുറക്കുക. അതിലൂടെ ശ്വാസം പുറത്തേയ്ക്കു വിടുക. (രേചകം)

10. ഇങ്ങനെ ഇടതും വലതും നാസാദ്വാരങ്ങളിലൂടെ ശ്വസന വ്യായാമം തുടരുക.

ഇത് 10 -20 തവണ ആവര്‍ത്തിക്കുക.


ഇത് പഠിക്കാന്‍ വിഷമം തോന്നുന്നവര്‍ ആദ്യം ശ്വാസം ഉള്ളിലേക്കെടുക്കുകയും ഇരട്ടി സമയം കൊണ്ട് പുറത്തു വിടുകയും ചെയ്ത് ശീലിക്കുക. രണ്ടു മൂക്കിലൂടെയും ഒരുമിച്ചെടുക്കാം. (വിരലുകള്‍ വച്ച് നാസാദ്വാരങ്ങള്‍ അടയ്ക്കുന്ന രീതി പിന്നീട് പഠിച്ചാല്‍ മതി). രണ്ടു മൂക്കിലൂടെയും പുറത്തു വിടാം.

അത് പഠിച്ചാല്‍ പിന്നെ ശ്വാസം ഉള്ളിലെടുക്കുകയും ഇരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ടു തന്നെ പുറത്തു വിടുകയും ചെയ്യാന്‍ പഠിക്കുക.

എന്നിട്ട് ശ്വാസം ഉള്ളിലെടുത്ത് അതിന്റെ നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം ഇരട്ടി സമയം കൊണ്ട് പുറത്തു വിട്ട് ശീലിക്കുക.

എന്നിട്ട് ഓരോ മൂക്കിലൂടെയും എടുത്ത് മറു മൂക്കിലൂടെ പുറത്തു വിടുന്ന രീതി ശീലിക്കുക.


ഈ പ്രാണായാമ രീതിയ്ക് അനുലോമ - വിലോമ പ്രാണായാമം എന്നു പറയുന്നു. സാധാരണ ചെയ്യുന്ന പ്രാണായാമം ഇതാണ്. ഇതിന് നാഡീശോധന പ്രാണായാമം എന്നും പറയും. ( ഇതല്ലാതെ 8 തരത്തില്‍ പ്രാണായാമം ഉണ്ട് . അത് സാധാരണക്കാര്‍ക്ക് അത്യാവശ്യമില്ല. താല്‍പ്പര്യമുള്ളവര്‍ക്കായി പിന്നീട് വിവരിക്കാം)


അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ ശ്വാസം നാലിരട്ടി സമയം ഉള്ളില്‍ നിര്‍ത്തരുത്. അവര്‍ ശ്വാസം ഉള്ളിലെടുത്ത് ഇരട്ടി സമയം കൊണ്ട് പുറത്തു വിടുക. കുംഭകം ഒഴിവാക്കുക.

ഗുണങ്ങള്‍

1. സ്ഥിരമായ പരിശീലനം കൊണ്ട് ശ്വാസകോശങ്ങള്‍ വികസിക്കുന്നു.
2. ആസ്ത്മ രോഗത്തില്‍ നിന്ന് മുക്തി കിട്ടുന്നു.
3. ഏകാഗ്രത, മനോ നിയന്ത്രണം എന്നിവ കൈവരുന്നു.
4. ഓര്‍മ്മശക്തി, കര്‍മ്മകുശലത ഇവ വര്‍ദ്ധിക്കുന്നു.
5. മനസ്സിന് ശാന്തിയും സമാധാനവും കൈവരുന്നു.
6. ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് ഉയര്‍ന്ന തലങ്ങളിലുള്ള സാധനയ്ക്കും ധ്യാനത്തിനും ഉള്ള കഴിവ് വര്‍ദ്ധിക്കുന്നു.


ഇനി യോഗ ഗൌരവമായി കാണുന്നവര്‍ക്കായി ചിലത്.


യോഗ ഫിലോസഫി അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72, 000 നാഡികളിലൂടെയും ഊര്‍ജ്ജം (പ്രാണന്‍) സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചിതറിപ്പോകുന്ന ഊര്‍ജ്ജത്തെ കോണ്‍സന്‍ ട്രേറ്റ് ചെയ്ത് രണ്ടു നാഡികളിലെത്തിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.

ഇഡ , പിംഗല എന്നിവയാണ് ആ നാഡികള്‍. സുഷുംന എന്ന നാഡി നമ്മുടെ നട്ടെല്ലിനുള്ളിലൂടെ കടന്നു പോകുന്നു എന്നാണ് സങ്കല്‍പ്പം. ഈ നാഡിയുടെ ഇടതും വലതുമായാണ് യഥാക്രമം ഇഡയും പിംഗലയും സഞ്ചരിക്കുന്നത്.

ഇഡയിലും പിംഗലയിലും കൂടി പ്രവഹിക്കുന്ന ഊര്‍ജ്ജം സുഷുമനയിലെത്തിക്കുക എന്നതാണ് അടുത്ത  ലക്ഷ്യം. സുഷുംനയിലൂടെ പ്രാണപ്രവാഹം ഉണ്ടാകുമ്പോള്‍ കുണ്‍ഡലിനി ശക്തി ഉണരുകയും അത് ആത്മീയ ഉത്കര്‍ഷത്തിനും അറിവിന്റെ ഉയര്‍ന്ന തലങ്ങളിലെത്താനുള്ള പ്രയാനത്തിനും തുടക്കം കുറിക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥ സാധകന്‍ ഇവിടെ നിന്ന് ആത്മസാക്ഷാത്കാരത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ പ്രാപ്തനാകുന്നു. പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നീ തലങ്ങള്‍ അയാള്‍ക്ക് സംവേദനക്ഷമം ആകുന്നു. അത് അയാളെ മോക്ഷത്തിലേക്ക് നയിക്കുന്നു.

സമയക്കുറവു കൊണ്ടാണ് ഇത്ര ചുരുക്കി വിവരിച്ചത്. സംശയങ്ങള്‍ ഉള്ള ആര്‍ക്കും അത് ഉന്നയിച്ചാല്‍ എന്നാല്‍ കഴിയുന്ന തരത്തില്‍ മറുപടി തരാന്‍ ശ്രമിക്കുന്നതാണ്.

Photo courtesy : Google

Tuesday, November 18, 2008

Yoga"യോഗ" എന്നാല്‍ എന്താണ്‌?

യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത്‌ ചില 'പോസു'കളാണ്‌! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം.... അങ്ങനെയങ്ങനെ.

ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക്‌ അത്‌ ശ്വാസ നിയന്ത്രണമാണ്‌ എന്നും ധാരണയുണ്ട്‌. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും.ഇവ രണ്ടും 'യോഗ' യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്‌.

എട്ട്‌ ഘടകങ്ങള്‍ (അംഗങ്ങള്‍) ആണ്‌ 'യോഗ' യ്ക്കുള്ളത്‌. ഇവയെ അഷ്ടാംഗങ്ങള്‍ എന്നു വിളിക്കുന്നു.

യമം, നിയമം, ആസനം, പ്രാണായമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ്‌ അഷ്ടാംഗങ്ങള്‍.

ഇവയ്ക്കോരോന്നിനും 'യോഗ' യില്‍ പ്രാധാന്യമുണ്ട്‌.

അപ്പോള്‍ എന്താണ്‌ 'യോഗ' ?

'യോഗ' ഒരു ദര്‍ശന (philosophy) മാണ്‌.

(ആറു ദര്‍ശനങ്ങളാണ്‌ ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്‌. സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍ വ മീമാംസ, ഉത്തര മീമാംസ എന്നിവയാണ്‌ അവ.)

പഞജലി മഹര്‍ഷിയാണ്‌ യോഗയുടെ പ്രധാന ആചാര്യന്‍.

മോക്ഷപ്രാപ്തിയാണ്‌ 'യോഗ' യുടെ ലക്ഷ്യം.

പിന്നീടു വന്ന ആചാര്യന്‍ മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യപരമായ benefits മനസ്സിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നു മാത്രം. പൂര്‍ണമായ ഒരു ചികില്‍സാ ശാസ്ത്രമല്ല 'യോഗ'. എന്നാല്‍ നിരവധി രോഗങ്ങളില്‍ ഫലപ്രദമായി 'യോഗ' പ്രയോജനപ്പെടുത്താം.

യോഗ ഏതു മതത്തില്‍ പെട്ടവര്‍ക്കും ചെയ്യാം! It is a secular science. അപ്പോള്‍ നിരീശ്വര വാദികള്‍ക്കോ? അവര്‍ക്കും ചെയ്യാം! ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലൊ. പക്ഷെ എറ്റവും ശ്രേഷ്ഠനായ യോഗിയുമായിരുന്നു. യോഗയിലൂടെയാണ്‌ അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.

'യോഗ' എന്ന വാക്കിന്‌ 'സംയോജിപ്പിക്കുന്നത്‌' എന്നണര്‍ത്ഥം.
ജീവാത്മാവിനേയും (നമ്മുടെindividual soul ) പരമാത്മാവിനേയും (cosmic soul) സംയോജിപ്പിക്കുന്നതാണ് 'യോഗ' .

'വഴി' 'രീതി' എന്നിങ്ങനേയും 'യോഗ' യ്ക്ക്‌ അര്‍ത്ഥമുണ്ട്‌.
മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി, ഇതൊക്കെയാണ്‌ 'യോഗ' .

എന്നാല്‍ നമുക്കറിയാം, ഇന്ന്‌ ആരോഗ്യ സം രക്ഷണത്തിനുള്ള ഒരു മാര്‍ഗമായാണ്‌ 'യോഗ' ആളുകള്‍ സ്വീകരിക്കുന്നത്‌. എന്നാല്‍ 'യോഗ' യുടെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്പം അറിഞ്ഞിരിക്കണം. കാരണം ഇത്‌ വെറും ശരീരിക വ്യായാമം അല്ല.

നിര്‍വചനങ്ങൾ

‍"ചിത്തവൃത്തികളുടെ നിരോധമാണ്‌ യോഗ" എന്നണ്‌ പതഞജലി മഹര്‍ഷി 'യോഗ' യെ നിര്‍വചിച്ചിരിക്കുന്നത്‌.

പ്രമാണം (true knowledge)വിപര്യയം (wrong knowledge)വികല്പം (verbal delusions)നിദ്ര (sleep)സ്മൃതി (memory)എന്നിവയാണ്‌ ചിത്ത വൃത്തികള്‍.

ഇവയെ മുഴുവന്‍ നിരോധിച്ചാല്‍ മാത്രമേ ഒരാള്‍ക്ക്‌ പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ അതില്‍ ലയിച്ചു ചേരാന്‍ കഴിയൂ. ഇതിന്‌ നിരവധി ഘട്ടങ്ങലുണ്ട്. അവയുടെ പരമോന്നത ഘട്ടമാണ്‌ 'സമാധി'.

യഥാര്‍ത്ഥ സമാധിയില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ പുനര്‍ ജന്മമില്ല. ജനിമൃതികളില്‍ നിന്ന്‌ ഒരാള്‍ മുക്തനാകുന്നു. ഇതാണ്‌ മോക്ഷം.

ഈ നിര്‍വചനം സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രാഹ്യമായ ഒന്നായി തോന്നുന്നതിനു കാരണം പതഞ്ജലി രാജയോഗത്തിന്റെ ആചാര്യന്‍ ആണ്‌ എന്നുള്ളതാണ്‌.

'യോഗ' പ്രധാനമായും നാലു തരത്തിലാണ്‌പ്രയോഗത്തിലുള്ളത്‌.

രാജയോഗം, ഹഠയോഗം, കര്‍മയോഗം, ഭക്തിയോഗംഎന്നിവയാണവ.

ഇവയില്‍ രാജയോഗമാണ്‌ ഏറ്റവും ശ്രേഷ്ഠം. അതുകൊണ്ടു തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ളതും.

ആസനങ്ങള്‍ക്കും പ്രാണായാമത്തിനും പ്രാമുഖ്യം നല്‍കി ശരീരത്തെയും മനസ്സിനെയും കീഴടക്കുന്ന രീതിയാണ്‌ ഹഠയോഗത്തിലേത്‌.

പ്രതിഫലേച്ഛയില്ലാതെയുള്ള കര്‍മം ചെയ്ത്‌ മോക്ഷം പ്രാപിക്കുന്ന രീതിയാണ്‌ കര്‍മയോഗത്തിണ്ടേത്‌.

ഭക്തി ഭാവത്തിന്റെ പരമ കാഷ്ഠയിലെത്തി മോക്ഷം നേടുന്ന രീതിയാണ്‌ ഭക്തിയോഗത്തിന്റേത്‌.

മൂന്നു രീതികളുടെയും അന്തിമ ലക്ഷ്യം രാജയോഗത്തില്‍ എത്തിച്ചേരലാണ്‌. അഥവാ മറ്റു മൂന്നു രീതികളിലൂടെയും മുന്നേറി വരുന്നവര്‍ അവസാനം രാജയോഗിയുടെ മാനസിക-ആത്മീയ നിലവാരത്തില്‍ എത്തും.

ഹഠയോഗത്തെക്കുറിച്ചു പറയുന്നതു തന്നെ "രാജയോഗത്തിലേക്കുള്ള ഏണിപ്പടി" എന്നാണ്‌.


ഇനി 'യോഗ' യെക്കുറിച്ച്‌ ഗീതയില്‍ പറഞ്ഞിരിക്കുന്ന ചില നിര്‍ വചനങ്ങള്‍ നോക്കാം.

1. ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ്‌ 'യോഗം' (യോഗ:കര്‍മസു കൗശലം)
Yoga is efficiency at work. ചെയ്യുന്ന ജോലി ഭംഗിയായും കാര്യക്ഷമമായും പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ്‌ 'യോഗ' .

ഫലം ഇച്ഛിച്ചു ചെയ്യുന്ന കര്‍മങ്ങള്‍ കര്‍മഫലം ഉണ്ടാക്കുന്നു. അത്‌ പുനര്‍ജന്മത്തിനു കാരണമാകുന്നു. (ഫലത്തില്‍ വിത്തുകള്‍ ഉണ്ട്‌. വിത്തുകള്‍ മുളയ്ക്കുക തന്നെ ചെയ്യും. ഓരോ വിത്തും ഓരോ ജന്മത്തിലേക്കുള്ള മുളപൊട്ടാന്‍ കാരണമാകുകയും ചെയ്യും)

2. നല്ലതും ചീത്തയുമായ എല്ലാറ്റിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ്‌ 'യോഗ' .
(സമത്വം യോഗ ഉച്യതേ). Yoga is the state where one attains the ability to view good and bad things with a balanced state of mind.

3. ദു:ഖസംയോഗവുമായുള്ള വിയോഗമാണ്‌ 'യോഗ' .
(തം വിദ്യാത്‌ ദു:ഖ സമ്യോഗ വിയോഗ യോഗസംജ്ഞിതം) Yoga is the detachment from combination with sorrow.

ദു:ഖവുമായുള്ള സം യോഗമാണല്ലോ നമ്മുടെ ദുരിങ്ങള്‍ക്കെല്ലാം കാരണം. ഞാന്‍ ഈ ശരീരമാണ്‌ എന്ന ചിന്തയാണ്‌ ദു:ഖങ്ങളുടെ പ്രധാന കാരണം.

യഥാര്‍ത്ഥ ഞാന്‍ എന്റെ ശരീരമല്ല മറിച്ച്‌ ആത്മാവാണ്‌ എന്നും ആത്മാവിനു നാശമില്ല എന്നും തിരിച്ചറിയുമ്പോള്‍ നമുക്ക്‌ യഥാര്‍ത്ഥ ജ്ഞാനം ഉണ്ടാകുന്നു. ദു:ഖ സം യോഗത്തില്‍ നിന്നു മുക്തി നേടുന്നു.

ആസനങ്ങള്‍ ചെയ്യുകയും ശ്വാസം വലിച്ചു വിടുകയും മാത്രമല്ല 'യോഗ' എന്ന്‌ ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ.എങ്കില്‍ പിന്നെ എന്തിനാണ്‌ ആസനങ്ങള്‍ ചെയ്യുന്നത്?

ആസനങ്ങള്‍ മാത്രമല്ല അഷ്ടാംഗങ്ങള്‍ ഓരോന്നു ചെയ്യുന്നതിനും പ്രാധാന്യമുണ്ട്‌. അതാതിന്റേതായ ക്രമമുണ്ട്‌. ഓരോന്നും ചെയ്യാന്‍ ചില ഗുണങ്ങള്‍ ഉണ്ടാവേണ്ടതുമുണ്ട്‌.

എങ്ങനെയാണ്‌ ശരിയായി യോഗ ചെയ്യേണ്ടത്‌? അടുത്ത പോസ്റ്റിൽ പറയാം.